പ്രതിപക്ഷത്തിന് അഗ്നിപരീക്ഷണം, ഇത്തവണ വീണാൽ, ഒരിക്കലുമില്ല

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് വീണ്ടും കേരളം കടക്കുകയാണ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഏറെയാണ്. അതില്‍ പ്രധാനം ബി.ജെ.പി പോലും ഇത്തവണ മത്സരിക്കുന്നത് ‘കേരള ഭരണം’ എന്ന മോഹം മുന്‍നിര്‍ത്തിയാണ് എന്നതാണ്. അതിമോഹം എന്നു തന്നെ ഇതിനെ വിലയിരുത്താമെങ്കിലും ആവേശം ഒട്ടും ചോരാതെ തന്നെയാണ് കാവിപ്പട നിലവില്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ബി.ജെ.പിക്ക് ഇത്തവണ മാനം കാക്കാന്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമായ ഘടകമാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്നും കെ സുരേന്ദ്രന്‍ മാത്രമല്ല കേന്ദ്ര മന്ത്രി പദത്തില്‍ നിന്നും വി മുരളീധരനും തെറിക്കാനാണ് സാധ്യത.

സമഗ്രമായ ഒരു അഴിച്ചു പണിക്കാണ് അത്തരമൊരു സാഹചര്യം വഴിവയ്ക്കുക. ഈ അപകടം മുന്നില്‍ കണ്ട് പരമാവധി സീറ്റുകളില്‍ വിജയിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തകരും വലിയ ഉഷാറിലാണ്. കേന്ദ്രമന്ത്രിമാരുടെ ഒരു പടയെ തന്നെ കേരളത്തില്‍ പ്രചരണത്തിനിറക്കാനാണ് ബി.ജെ.പി ദേശീയ നേതൃത്വവും തീരുമാനിച്ചിരിക്കുന്നത്. അമിത് ഷാക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ ജില്ലകളില്‍ പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നുണ്ട്. ആര്‍.എസ്.എസും പ്രവര്‍ത്തകരോട് സജീവമായി രംഗത്തിറങ്ങാന്‍ ഇപ്പോള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പത്തു സീറ്റില്‍ വിജയം ലക്ഷ്യമിട്ട് കേന്ദ്രീകരിക്കാനാണ് ആര്‍.എസ്.എസിന്റെ തീരുമാനം.

ത്രിശങ്കു സഭ വന്നാല്‍ ‘കളം’ ബി.ജെ.പിയുടെ കയ്യിലിരിക്കണമെന്നതാണ് പരിവാര്‍ നേതൃത്വം ആഗ്രഹിക്കുന്നത്. തിരിച്ചടി നേരിട്ടാല്‍ ബി.ജെ.പിയിലെ നേതൃമാറ്റം ആദ്യം ആവശ്യപ്പെടുന്നതും ആര്‍.എസ്.എസ് നേതൃത്വം തന്നെയായിരിക്കും. കോണ്‍ഗ്രസ്സിലെ സ്ഥിതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ‘ഇത്തവണ ഇല്ലങ്കില്‍ ഒരിക്കലുമില്ല” എന്നത് ഒരു മുദ്രാവാക്യം ആയി തന്നെയാണ് കോണ്‍ഗ്രസ്സ് അണികള്‍ക്കിടയിലും പടരുന്നത്. ഈ തിരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടാല്‍ കെ.പി.സി.സി എന്ന സംവിധാനം തന്നെയാണ് പിരിച്ചുവിടപ്പെടുക. തലമുറ മാറ്റവും അതോടെ അനിവാര്യമാകും. മുസ്ലീം ലീഗിലെ കാര്യവും വ്യത്യസ്തമല്ല. ഒരു പാര്‍ട്ടി എന്ന നിലയില്‍ ഇത്തവണ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞാലും അധികാരം ലഭിച്ചില്ലെങ്കില്‍ ലീഗിലും ആഭ്യന്തര കലഹം രൂക്ഷമാകും. ഇവിടെയും തലമുറമാറ്റത്തിന് മുറവിളി ശക്തമാകും.

ഇടതുപക്ഷത്തിനു ഭരണ തുടര്‍ച്ച ലഭിച്ചാല്‍ ലീഗിലെ ഒരു വിഭാഗം പിളര്‍ന്ന് ചുവപ്പ് പാളയത്തിലെത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റാന്‍ ബി.ജെ.പിക്കും എളുപ്പത്തില്‍ കഴിയും. നിലനില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടു തന്നെയാണ് യു.ഡി.എഫ് നേതൃത്വം നിലവില്‍ മുന്നോട്ട് പോകുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കൂടി പാളിയാല്‍ അവരുടെ സകല പ്രതീക്ഷകളും അതോടെ അസ്തമിക്കും. ഗ്രൂപ്പ് താല്‍പ്പര്യമില്ലെന്ന് ഹൈക്കമാന്റ് പറയുമ്പോഴും ഗ്രൂപ്പിസത്തില്‍ തട്ടി തന്നെയാണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇനി ഗ്രൂപ്പുകള്‍ പരസ്പരം കാലു വാരുക കൂടി ചെയ്താല്‍ ഇടതു പക്ഷത്തിനാണ് കാര്യങ്ങള്‍ എളുപ്പമാകുക.

യു.ഡി.എഫ് കുത്തക ജില്ലകളായ എറണാകുളത്തും കോട്ടയത്തും വലിയ അഗ്‌നിപരീക്ഷണമാണ് കോണ്‍ഗ്രസ്സ് നേതൃത്വം നേരിടുന്നത്. എറണാകുളത്തെ ട്വന്റി ട്വന്റിയുടെ സാന്നിധ്യം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വലിയ ഭീഷണി ഉയര്‍ത്തുന്നത്. ജോസ് കെ മാണി ഇടതുപക്ഷത്തെത്തിയത് കോട്ടയത്തെ യു.ഡി.എഫ് വോട്ട് ബാങ്കിലാണ് വിള്ളലുണ്ടാക്കിയിരിക്കുന്നത്. ഈ രണ്ടു ജില്ലകളിലും ഇടതുപക്ഷം മേധാവിത്വം ഉറപ്പിച്ചാല്‍ ‘ഭരണം’ എന്ന യു.ഡി.എഫ് സ്വപ്നത്തിനാണ് വിരാമമാകുക. ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വലിയ കുതിപ്പാണ് ഇടതുപക്ഷം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ചില മണ്ഡലങ്ങളില്‍ ഉയര്‍ന്ന എതിര്‍ ശബ്ദങ്ങളെ പോലും ഫലപ്രദമായി ഒതുക്കാന്‍ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിനു കഴിഞ്ഞിട്ടുണ്ട്.

പുറത്തു വന്ന എല്ലാ സര്‍വേകളും പ്രവചിച്ചിരിക്കുന്നത് പിണറായി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചയാണ്. ഇടതുപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളാണിത്. ഇനി അഥവാ ഇത്തവണ ഭരണ തുടര്‍ച്ച ലഭിച്ചില്ലെങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടികളെ സംബന്ധിച്ച് പ്രത്യേകിച്ച് ഒന്നും തന്നെ നഷ്ടപ്പെടാനില്ല. ‘അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്നത് ‘ ആവര്‍ത്തിച്ചു എന്നു ചൂണ്ടിക്കാട്ടി നിഷ്പ്രയാസം പരാജയത്തെ ന്യായീകരിക്കാനും ഇടതുപക്ഷത്തിനു കഴിയും. പ്രതിപക്ഷത്താകുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകളും കൂടുതല്‍ കരുത്താര്‍ജ്ജിക്കാറുള്ളത്. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണിത്.

പിണറായി സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളുമാണ് ഭരണ തുടര്‍ച്ചക്കുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളെയും സര്‍ക്കാര്‍ നേരിട്ട രീതിയും വ്യാപകമായി പൊതു സമൂഹത്തിന്റെ കയ്യടി നേടിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തിന്റെ വലിയ പിന്തുണ നേടാനായതാണ് മറ്റൊരു അനുകൂല ഘടകം. ഇതെല്ലാം വോട്ടായാല്‍ പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ മുഖ്യമന്ത്രി കസേരക്കായുള്ള അടിപിടിക്കായിരിക്കും അതോടെ തുടക്കമാകുക.

 

Top