ന്യൂഡല്‍ഹി: ബ്രിട്ടിഷ്- സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്‍ സര്‍ക്കാരിന് ഡോസിന് 250 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ഇന്ത്യയില്‍ ഉല്‍പാദന- പരീക്ഷണ കരാറുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നല്‍കുമെന്നും ബാക്കി മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യൂവെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാല വ്യക്തമാക്കിയിരുന്നു.
ഒരാള്‍ക്ക് ആവശ്യമായ രണ്ട് ഡോസ് വാക്‌സിന്‍ പരമാവധി ആയിരം രൂപയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു അദാര്‍ പുനെവാല പറഞ്ഞിരുന്നത്. വാക്‌സിന്‍ വന്‍ തോതില്‍ വാങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് ഒരു ഡോസിന് 250 രൂപ നിരക്കില്‍ വാക്‌സിന്‍ നല്‍കാന്‍ കമ്പനി തയാറാകുന്നത്.
കോവിഡ് വാക്‌സിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ കുറച്ചു പേരുടെ ഫലം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ടുമായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയത്. ഓക്‌സ്ഫഡ് വികസിപ്പിച്ച വാക്‌സിന്‍ ‘കോവിഷീല്‍ഡ്’ എന്ന പേരിലാണ് വിപണിയിലെത്തിക്കുക.