ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലി നടന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ പഞ്ചാബ് മന്ത്രി നവ്‌ജ്യോത്സിങ് സിദ്ദുവിന് പിഴ ശിക്ഷ . 323-ാം വകുപ്പ് പ്രകാരം മുറിവേല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ അപകടത്തിനാണ് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയടക്കാനാണ് സുപ്രീംകോടതി വിധിച്ചത്.
സിദ്ദുവിനെതിരെ ചുമത്തിയിരുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ഒഴിവാക്കി. ഇതോടെ സിദ്ദുവിന് ജയിലില്‍ പോകേണ്ടി വരില്ല. മന്ത്രിസഭയില്‍ തുടരാനും സാധിക്കും. കേസില്‍ ശിക്ഷിച്ച പഞ്ചാബ്, ഹരിയാന ഹൈകോടതി വിധിക്കെതിരെ സിദ്ദു നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.
1988 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാട്യാലയില്‍ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് സിദ്ദുവും ഗുര്‍നാം സിങ്ങുമായി തര്‍ക്കമുണ്ടാകുകയും തര്‍ക്കത്തിനിടെ ദേഷ്യം മൂത്ത സിദ്ദു എതിരാളിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. സംഭവശേഷം സിദ്ദു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ ഗുര്‍നാം സിങ് മരിച്ചു.
കേസില്‍ സിദ്ദു കുറ്റക്കാരനാണെന്ന് 2006ല്‍ ഹൈക്കോടതി കണ്ടെത്തി ശിക്ഷിച്ചു. മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ഹൈക്കോടതി വിധിച്ചത്. തുടര്‍ന്ന് എം.പി സ്ഥാനം രാജിവെച്ച് അദ്ദേഹം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പിന്നീട് ഹൈക്കോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.