ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി

കണ്ണൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി. പാനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ.പ്രേമനെയാണ് പാര്‍ട്ടി ഭാരവാഹിത്തത്തില്‍ നിന്നു സിപിഎം പുറത്താക്കിയത്.

രാഷ്ട്രീയ നയവ്യതിയാനത്തിന്റെ പേരില്‍ പ്രേമനെ പാര്‍ട്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിയതായി സിപിഎം ഏരിയാ നേതൃത്വമാണ് അറിയിച്ചത്. ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് ഈ മാസം മൂന്നിനു പ്രേമന്‍ പങ്കെടുത്തത്.

സിപിഎം ആര്‍എസ്എസ് സംഘര്‍ഷം പതിവായ പ്രദേശത്ത്‌, ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം നേതാവ് പങ്കെടുത്തത് സമാധാന ശ്രമങ്ങള്‍ക്കു കരുത്ത് പകരുമെന്ന ധാരണയിലായിരുന്നു.എന്നാല്‍ നേതാവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി വിലയിരുത്തിയത്. തുടര്‍ന്ന് അന്നുതന്നെ ഏരിയാ കമ്മിറ്റി പ്രേമനോടു വിശദീകരണം തേടിയിരുന്നു.

നേരത്തെ,പാനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും ഒന്നിച്ചപ്പോള്‍, അന്നു പഞ്ചായത്ത് അംഗവും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ.പ്രേമനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതോടെ വീണ്ടും അച്ചടക്കലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രേമനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.

Top