വ്യവസായ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കുത്താനുള്ളതല്ല പാര്‍ട്ടി കൊടി: പി രാജീവ്

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളുടെ മുന്നിൽ കുത്താനുള്ളതല്ല പാർട്ടി കൊടിയെന്ന് മന്ത്രി പി രാജീവ്. നിയമസഭയിൽ 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

”ഞങ്ങളുടെ കൊടിയായാലും നിങ്ങളുടെ കൊടിയായാലും അതിനു മഹനീയതയുണ്ട്. ഏതെങ്കിലും പദ്ധതി വരുമ്പോൾ അതിനെ തടയുന്നതിനായി കുത്താനുള്ളതല്ല ഒരു പാർട്ടിയുടെയും കൊടി. രാഷ്ട്രീയ പാർട്ടികൾക്ക് ഈ കാഴ്ചപ്പാടാണ് വേണ്ടത്”- മന്ത്രി പറഞ്ഞു.

വയനാട്ടിലെ കൽപ്പറ്റയിൽ വ്യാപാരം തുടങ്ങാനെത്തിയവർക്ക് ചില തടസങ്ങൾ ഉണ്ടായതായി മന്ത്രി പറഞ്ഞു. ചർച്ചയിലൂടെ തടസ്സങ്ങൾ നീക്കി. അവിടെ കൊടിവച്ച് സമരം നടന്നത് ലോകമറിഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ അംബാസഡർമാരായി മാറാൻ എല്ലാവർക്കും കഴിയണം. തലശേരിയിൽ വ്യവസായികളായ ദമ്പതികൾ എതിർപ്പ് കാരണം നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

പൊതുവെ മാറ്റമുണ്ടെങ്കിലും ചില ഉദ്യോഗസ്ഥരുടെ ശൈലി മാറിയിട്ടില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. നോക്കുകൂലി എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് അവസാനിപ്പിച്ചു. എന്നാൽ തെറ്റായ ചില പ്രവണതകൾ നിലനിൽക്കുന്നു. പുതിയ സ്ഥാപനം ആരംഭിക്കുമ്പോൾ ഇത്ര പേരെ ജോലിക്കു കയറ്റണമെന്ന് ചിലയിടങ്ങളിൽ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെടുന്നുണ്ട്. ട്രേഡ് യൂണിയൻ റിക്രൂട്ട്‌മെന്റ് ഏജൻസിയല്ലെന്ന് ഓർക്കണം. എല്ലായിടത്തും ഈ പ്രശ്‌നമില്ലെന്നും ചിലയിടങ്ങളിലെ പ്രശ്‌നമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Top