സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്, ബിജെപി നേതാവിനെതിരേ പാര്‍ട്ടി നടപടി

-bjp

കുറ്റ്യാടി: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ ബിജെപി നേതാവിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നു നീക്കി.

ബിജെപി ഉത്തരമേഖല സെക്രട്ടറി എം.പി. രാജനെതിരേയാണ് നടപടി. പാര്‍ട്ടി സംസ്ഥാന ഘടകമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ എം.പി. രാജനെതിരേ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കുന്നുമ്മല്‍ സ്വദേശി അശ്വത് (25) നല്കിയ പരാതിയിലാണ് കേസ്.

അശ്വത് ആര്‍എസ്എസ് പാതിരപ്പറ്റ ശാഖാ മുഖ്യശിക്ഷകായി പ്രവര്‍ത്തിക്കുമ്പോള്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങിയതെന്നാണ് പരാതി. ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപയാണ് ഇത്തരത്തില്‍ കൈമാറിയത്. ജോലിക്കായി അന്യസംസ്ഥാനത്തെത്തിയപ്പോഴാണ് ഇതു തട്ടിപ്പാണെന്നു മനസിലായത്.

നാട്ടിലേക്ക് മടങ്ങിയ അശ്വത് ബിജെപി മണ്ഡലം കമ്മറ്റികള്‍ക്ക് പരാതി നല്കി. സംസ്ഥാന സമിതി അംഗം എം.എം. രാധാകൃഷ്ണന്റെ മധ്യസ്ഥതയില്‍ രാജന്‍ രണ്ടു ലക്ഷം രൂപ മാര്‍ച്ച് 30ന് നല്‍കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ പണം നല്കിയില്ല. ഇതേ തുടര്‍ന്നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.

Top