ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിശക്തമായ പ്രതിഷേധമാണ് കേരളത്തില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷക്ക് കേന്ദ്ര സേനയെ നിയോഗിക്കുമെന്നാണ് സൂചന. ഇക്കാര്യം രാജ് ഭവന്‍ തന്നെ ആവശ്യപ്പെടുമെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാന്‍ നീക്കം നടത്തിയതിനു പിന്നാലെ മന്ത്രിമാരെ കൂടി പുറത്താക്കാന്‍ ഗവര്‍ണ്ണര്‍ നീക്കം നടത്തിയതാണ് സ്ഥിതി വഷളാക്കിയിരിക്കുന്നത്. ആദ്യം ധനമന്ത്രിയാണ് ലക്ഷ്യമെങ്കില്‍ തൊട്ടു പിന്നാലെ മറ്റു മന്ത്രിമാരും വരുമെന്നതാണ് നിലവിലെ അവസ്ഥ. ഈ പശ്ചാത്തലത്തില്‍ ഇടതുപക്ഷം നേരത്തെ പ്രഖ്യാപിച്ച രാജ്ഭവന്‍ മാര്‍ച്ചും ദേശീയ ശ്രദ്ധ പിടിച്ചു പറ്റും. ഒരു ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കേരളത്തിന്റെ പ്രതിഷേധം ഗവര്‍ണ്ണറെയും കേന്ദ്ര സര്‍ക്കാറിനെയും ബോധ്യപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും അതുവഴി പിരിച്ചുവിടാനുമാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് ഇടതുപക്ഷം സംശയിക്കുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ പട്ടാളത്തെ ഇറക്കിയാല്‍ പോലും ഗവര്‍ണ്ണര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ലന്ന മുന്നറിയിപ്പും ഇടതുപക്ഷ സംഘടനാ നേതാക്കള്‍ നല്‍കിയിട്ടുണ്ട്.
ആര്‍.എസ്.എസ് മേധാവിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് മിന്നല്‍ നടപടിയിലേക്ക് ഗവര്‍ണ്ണര്‍ ഇപ്പോള്‍ കടന്നിരിക്കുന്നത്. വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള നീക്കത്തിന് തൊട്ടു പിന്നാലെയാണ് ധനമന്ത്രി കെം എന്‍ ബാലഗോപാലിലുള്ള അവിശ്വാസം ഗവര്‍ണ്ണര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ കൊണ്ട് നടപടി സ്വീകരിക്കുവാന്‍ കത്തെഴുതിയ ഗവര്‍ണ്ണറോട് സാധ്യമല്ലന്ന് മുഖ്യമന്ത്രി മറുപടിയും നല്‍കിയിട്ടുണ്ട്. മന്ത്രിമാരെ ഗവര്‍ണ്ണര്‍ പുറത്താക്കിയാല്‍ ‘അപ്പോള്‍ കാണാം’ എന്നതാണ് സി.പി.എം നേതാക്കള്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഗവര്‍ണര്‍ എന്ന പദവിയുടെ എല്ലാ മാന്യതയും അന്തസും കളഞ്ഞു കുളിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്നാണ് സി.പി.എം ആരോപിക്കുന്നത്. ‘ആര്‍എസ്എസിന്റെ അടിമയായി മാറിയ ഒരു മനുഷ്യന്‍ എത്രമാത്രം വേഗത്തിലാണ് സമൂഹത്തിന് മുന്നില്‍ അപഹാസ്യനാക്കുക എന്നതിന്, ഏറ്റവും വലിയ ഉദാഹരണമാണ് കേരളാ ഗവര്‍ണര്‍ എന്നാണ് ‘ സി.പി.എം നേതാവ് എം സ്വരാജ് പരിഹസിച്ചിരിക്കുന്നത്. ‘ഗവണ്മെന്റിന്റെ ഉപദേശത്തിനനുസരിച്ചു പ്രവര്‍ത്തിക്കേണ്ട ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ് കാര്യാലയത്തിലെ ഒരു ശിപ്പായി ആയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ‘എന്ന രൂക്ഷ വിമര്‍ശനവും, എം സ്വരാജ് നടത്തിയിട്ടുണ്ട്. സമാന പ്രതികരണങ്ങള്‍ തന്നെയാണ് ഡി.വൈ.എഫ് ഐ – എസ്.എഫ് ഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്.
കെ എന്‍ ബാലഗോപാല്‍ മന്ത്രി ആയത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇഷ്ടമുള്ളത് കൊണ്ടല്ലന്നും അദ്ദേഹത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തത് കൊണ്ടാണെന്ന ഓര്‍മ്മപ്പെടുത്തലും ഇടതു സംഘടനകള്‍ നടത്തിയിട്ടുണ്ട്. ‘ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷമുള്ളിടത്തോളം കാലം ആരൊക്കെ മന്ത്രിയാവണം എന്ന് തീരുമാനിക്കുന്നത് മുന്നണി നേതൃത്വവും മുഖ്യമന്ത്രിയുമാണ് ഇക്കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന് ഒരു റോളുമില്ലന്നതാണ് ഇടതുപക്ഷ നിലപാട്. സി.പി.എം കേന്ദ്ര നേതൃത്വവും വിഷയത്തില്‍ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ നിലപാട് വ്യക്തമാണ് ഏതറ്റംവരെ പോയും ഗവര്‍ണ്ണറുടെ നീക്കത്തെ ചെറുക്കാന്‍ തന്നെയാണ് ചെമ്പടയുടെ തീരുമാനം. ഇതോടെ, മറ്റൊരു സംസ്ഥാനത്തും അഭിമുഖീകരിക്കാത്ത വലിയ വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ ഇനി നേരിടാന്‍ പോകുന്നത്. പോരാളികളുടെ നാടാണ് കേരളം എന്നതിനാല്‍ പിണറായി സര്‍ക്കാറിനെ പിരിച്ച് വിട്ട് ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തുക എളുപ്പമുള്ള കാര്യമല്ല. സാധാരണ ജനങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വരെ ബി.ജെ.പിക്ക് ചിന്തിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ് ഇടതുപക്ഷത്തിന്റെ കരുത്ത്. മാത്രമല്ല യുവജന – വിദ്യാര്‍ത്ഥി – തൊഴിലാളി മേഖലകളിലും സി.പി.എമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ അതിശക്തരാണ്. കേന്ദ്ര സേന തോക്ക് ചൂണ്ടിയാല്‍ വിറക്കുന്ന കരുത്തൊന്നും അല്ല അത് ഇടതുപക്ഷ കേരളം ഗവര്‍ണ്ണറെയും കേന്ദ്ര സര്‍ക്കാറിനെയും ഓര്‍മ്മപ്പെടുത്തുന്നതും അതു തന്നെയാണ്.
EXPRESS KERALA VIEW