ലണ്ടന്‍: വടക്കൻ അയർലൻഡിലെ ഔദ്യോഗിക വസതിയായ ഹിൽസ്ബറോ കാസ്ൽ സന്ദർശിക്കവെ ചാൾസ് രാജാവിന് നൽകിയ പേനയിലെ മഷി ലീക്കായി. വസതിയിലെ സന്ദർശക പുസ്തകത്തിൽ ഒപ്പുവയ്ക്കവെയാണ് പേന രാജാവിന് ‘പണി കൊടുത്തത്’. ഒപ്പിട്ട ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹം ‘ഇത്തരം കാര്യങ്ങൾ സഹിക്കാനാവില്ല’ എന്ന് പ്രതികരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘ദൈവമേ, ഞാനിതു (പേന) വെറുക്കുന്നു’ എന്നു പറഞ്ഞ് കുനിഞ്ഞ് പേന ഭാര്യ കാമിലയ്ക്ക് നൽകി. ചാൾസ് കൈയിലെ മഷി തുടയ്ക്കുന്നതിനിടെ ‘ഓഹ്, ഇതെല്ലായിടത്തും പരക്കുകയാണല്ലോ’ എന്നാണ് കാമില പറഞ്ഞത്.
ക്യാമറയ്ക്കു മുമ്പിൽ ചാൾസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഇതാദ്യമായല്ല. രാജാധികാരം ഏറ്റെടുക്കാനുള്ള അധികാരപത്രം ഒപ്പിടുന്നതിന് മുമ്പ് പേനയും മഷിക്കുപ്പിയും അടങ്ങിയ ടേബിൾ വൃത്തിയാക്കാൻ ചാൾസ് സഹായിയോട് ആവശ്യപ്പെട്ട വിഡിയോയും പുറത്തുവന്നിരുന്നു. അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷമാണ് ചാൾസ് യുകെയുടെ രാജാവായി ചുമതലയേറ്റത്. കിങ്‌സ് ചാൾസ് മൂന്നാമൻ എന്നാണ് അദ്ദേഹം അറിയപ്പെടുക. ഭാര്യ കാമില പാർക്കർ രാജപത്‌നിയാകും.