ബീജിങ്: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ അതിര്‍ത്തിയില്‍ വീണ്ടും ചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികാഭ്യാസം. ടിബറ്റില്‍ 11 മണിക്കൂര്‍ നീണ്ട വെടിവയ്പാണ് സൈന്യം നടത്തിയത്.
ചൈനയുടെ ഔദ്യോഗികവാര്‍ത്താ മാധ്യമമായ സിസിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏത് ദിവസമാണ് സൈനികാഭ്യാസം നടന്നതെന്ന കാര്യം വ്യക്തമല്ലെങ്കിലും കഴിഞ്ഞ ആഴ്ചയാണെന്നാണ് സിസിടിവി പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്. ഈ മാസം മൂന്നിനും സമാനമായൊരു സൈനികാഭ്യാസം ഇവിടെ സൈന്യം നടത്തിയിരുന്നു.
ബ്രഹ്മപുത്ര നദിയുടെ ശാഖയായ, ചൈനക്കാര്‍ യര്‍ലുംഗ് സംഗ്‌ബോ എന്ന് വിളിക്കുന്ന നദിയുടെ കരയിലാണ് സൈനികാഭ്യാസം നടന്നിരിക്കുന്നത്.
ചൈനീസ് സൈന്യത്തിന്റെ കൈവശമുള്ള അത്യാധുനിക ടൈപ്പ് 96 യുദ്ധടാങ്കുകള്‍ ഉപയോഗിച്ചുള്ള സൈനികാഭ്യാസത്തില്‍ പീരങ്കികളും ടാങ്ക് വേധ ഗ്രനേഡുകളും സൈന്യം പ്രയോഗിച്ചിട്ടുണ്ട്.
പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ രണ്ട് മൗണ്ടന്‍ ബ്രിഗേഡുകളില്‍ ഒന്നാണ് ടിബറ്റ് മിലിട്ടറി കമാന്‍ഡ്. പശ്ചിമ കമാന്‍ഡിന്റെ ഭാഗമായ ഈ സൈനിക വിഭാഗത്തിന്റെ പ്രധാന ദൗത്യം ഇന്ത്യയുമായുള്ള അതിര്‍ത്തി സംരക്ഷണമാണ്.
ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ മൂന്നാഴ്ചയായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചൈന ഇവിടെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മാണം തുടങ്ങിയതാണു വിവാദത്തിനു തുടക്കം. ഭൂട്ടാന്‍ ഇതിനെ ആദ്യം എതിര്‍ത്തു. തൊട്ടു പിന്നാലെ ഇന്ത്യയും.
അതിര്‍ത്തിയിലെ തല്‍സ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ചൈനയുടെ ആരോപണം ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചിരിക്കുന്നത് എന്നും, മുമ്പ് 2013ല്‍ ലഡാക്കിലെ ദെസ് പാങ്ങിലും 2014 ല്‍ ചുമാറിലും അതിര്‍ത്തിത്തര്‍ക്കം ഉണ്ടായപ്പോള്‍ മൂന്നാഴ്ച കൊണ്ടു പ്രശ്‌ന പരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തല്‍സ്ഥിതി തുടരാന്‍ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിന്‍വലിക്കുകയുമാണു ചെയ്തത്. ഇത്തവണ പ്രശ്‌നം മൂന്നാഴ്ച കഴിഞ്ഞും നീളുകയാണ്.
ജൂലൈ 27,28 തിയ്യതികളില്‍ അജിത് ഡോവല്‍ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് പ്രശ്‌നം രൂക്ഷമായിരിക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അജിത് ഡോവല്‍ ചൈനയിലേയ്ക്ക് പോകുന്നത്.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും ലഭിച്ച ഏറ്റവും ആധുനിക പീരങ്കിയായ എം 777 ,എ – 2 പീരങ്കികള്‍ ഇന്ത്യന്‍ സൈന്യം ചൈന അതിര്‍ത്തിയില്‍ പരീക്ഷണം നടത്തിയിരുന്നു.