അനുവിന്റെ കൊലപാതകം; സ്വര്‍ണം വില്‍ക്കാന്‍ മുജീബിനെ സഹായിച്ച ആള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രതി മുജീബിനെ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മുട്ടൊപ്പം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് വ്യക്തമാകുന്നതും പ്രതി മുജീബ് റഹ്‌മാന്‍ പിടിയിലാകുന്നതും.

പിടിയിലായ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാന്‍ സ്ഥിരം കുറ്റവാളിയാണ്. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 55 കേസുകള്‍ നിലവിലുണ്ട്. പ്രതി മുജീബ് റഹ്‌മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പും ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറുകയായിരുന്നു.

മോഷ്ടിച്ച ബൈക്കിലാണ് മുജീബ് റഹ്‌മാന്‍ എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതിയുമായുള്ള തെളിവെടുപ്പില്‍ എടവണ്ണപ്പാറ ജങ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കില്‍ നിന്നും കണ്ടെത്തി ഇക്കഴിഞ്ഞ 11ന് മട്ടന്നൂരില്‍ നിന്നാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. ഈ ബൈക്ക് മോഷ്ടിച്ചശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊല നടത്തിയത്.

Top