കോവിഡ് നിയന്ത്രണം; തിയേറ്റര്‍ ഉടമകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: തീയറ്ററുകള്‍ക്ക് മാത്രം കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമാക്കിയതിനെതിരായ ഫിയോക്കിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ഫിയോക് ആരോപിക്കുന്നു.

ലോക്ഡൗണ്‍ സമാന നിയന്ത്രണമുള്ളതിനാല്‍ ഞായറാഴ്ചകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവും ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നു. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ച് തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. ക്ലബ്ബുകള്‍, ബാറുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ക്കും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം.

കൊറോണ നിയന്ത്രണങ്ങളുടെ പേരില്‍ തീയറ്ററുകള്‍ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്ടം സഹിക്കേണ്ടി വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്ഥയാണ്. കൊറോണ വ്യാപനം രൂക്ഷമായ ഡല്‍ഹി, ഹരിയാന ,ഗോവ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയങ്ങളില്‍ പോലും 50% പ്രവേശനം അനുവദിച്ച് തീയറ്ററുകള്‍ പ്രവര്‍ത്തിച്ചുവെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, തിയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളില്‍ രണ്ടുമണിക്കൂറിലധികം തുടര്‍ച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അപകടകരമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

Top