തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്. പിജി ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നോണ്‍ അക്കാദമിക് റെസിഡന്റ് ഡോക്ടര്‍മാരെ നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചു. ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ 2 ദിവസത്തിനുള്ളില്‍ നിയമിക്കും എന്ന ഉറപ്പാണ് മന്ത്രി നല്‍കിയിരിക്കുന്നത്.
നീറ്റ്-പിജി പ്രവേശനം നീളുന്നതിന് എതിരെയായിരുന്നു സമരം. പിജി അഡ്മിഷന്‍ വൈകിയത് കാരണം ഉണ്ടായ ഡോക്ടര്‍മാരുടെ കുറവും അമിതജോലി ഭാരവും ആണ് സമരത്തിന് കാരണമായത്.
ആറു മാസം വൈകിയ മെഡിക്കല്‍ പിജി അലോട്ട്‌മെന്റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ച കൂടി നീട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കേന്ദ്ര സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കുമ്പോഴുള്ള വരുമാന പരിധി നിശ്ചയിക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അലോട്ട്‌മെന്റ് നീട്ടിയത്.
ഇതിനെതിരെ ഒരാഴ്ചയായി മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. പ്രതിഷേധത്തെ അനുകൂലിച്ചാണ് കേരളത്തിലും സമരം നടന്നത്. ഒപി ബഹിഷ്‌കരണം തുടങ്ങിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിരവധി ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായി.