പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് എക്സില്‍ പോസ്റ്റ് ചെയ്ത ചിത്രം മണിക്കൂറുകള്‍ കഴിഞ്ഞ് പിന്‍വലിച്ചു. ചിത്രത്തില്‍ ഒരു നീരാളിയുടെ പാവയുണ്ടായിരുന്നു എന്നതാണ് ചിത്രം നീക്കാന്‍ കാരണം. നീരാളി സെമറ്റിക് വിരുദ്ധതയെയാണ് പ്രതീകവല്‍ക്കരിക്കുന്നതെന്നും, ഗ്രെറ്റ പോസ്റ്റിലൂടെ സെമിറ്റിക് വിരുദ്ധത പ്രചരിപ്പിക്കുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പോസ്റ്റ് നീക്കം ചെയ്തത്. ശേഷം എഡിറ്റ് ചെയ്ത ഫോട്ടോ വീണ്ടും ഗ്രെറ്റ പോസ്റ്റ് ചെയ്തു. ജൂതര്‍ക്കെതിരെ നാസികള്‍ പ്രചരിപ്പിച്ച കാരിക്കേച്ചറാണ് ഒക്ടോപസ്.
ഫോട്ടോ പോസ്റ്റ് ചെയ്തയുടനെ തന്നെ ഈ ഫോട്ടോയില്‍ ഒരു നീരാളിക്ക് എന്താണ് കാര്യം എന്നും, അത് ജൂത വിരുദ്ധതയാണെന്നും പറഞ്ഞ് നിരവധി പോസ്റ്റുകളാണ് എക്സില്‍ പ്രത്യക്ഷപ്പെട്ടത്.ഫോട്ടോ പിന്‍വലിച്ച ഗ്രെറ്റ എഡിറ്റ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട്, നേരത്തെ പോസ്റ്റ് ചെയ്ത ഫോട്ടോയിലുണ്ടായിരുന്ന ഒക്ടോപ്പസ് സെമിറ്റിക് വിരുദ്ധതയായി ചിലര്‍ക്കെങ്കിലും തോന്നാനിടയുണ്ടെന്നു തിരിച്ചറിയുന്നതായും, അത് ശ്രദ്ധയില്‍ പെടാതെ പോയതാണെന്നും കുറിച്ചു. ചിത്രത്തില്‍ കണ്ട നീരാളിയുടെ പാവ ഓട്ടിസം ബാധിച്ച കുട്ടികള്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്നതാണെന്നും എഴുതി. ഏതു വിധേനയുള്ള സെമിറ്റിക് വിരുദ്ധതയ്ക്കും തങ്ങള്‍ എതിരാണെന്നും, അത് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കാത്ത കാര്യമാണെന്നു ബോധ്യമുള്ളതുകൊണ്ടാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും ഗ്രെറ്റ കുറിച്ചു.
എന്നാല്‍ ഇസ്രയേല്‍ ശക്തമായ ഭാഷയിലാണ് ഗ്രെറ്റയ്ക്ക് മറുപടി നല്‍കിയത്. ‘ഹമാസ് പുനരുപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ ചേര്‍ത്തല്ല റോക്കറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. അതാണ് ഇസ്രയേലികളുടെ കൂട്ടക്കൊലയ്ക്ക് ഉപയോഗിക്കുന്നത്. ഹമാസിന്റെ ഭീകരതയില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയും സംസാരിക്കൂ’ എന്നും ഇസ്രായേല്‍ ഗ്രെറ്റയ്ക്ക് മറുപടി നല്‍കി.