ന്യൂഡല്‍ഹി: രാമായണത്തിലെ പുഷ്പക വിമാനത്തെ കുറിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ്.
വിദ്യാര്‍ഥികള്‍ക്കായുള്ള ഛത്ര വിശ്വകര്‍മ പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് എഐസിടിഇ (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സത്യപാലിന്റെ അഭിപ്രായ പ്രകടനം.
റൈറ്റ് സഹോദരങ്ങള്‍ക്ക് എട്ടുവര്‍ഷം മുമ്പു തന്നെ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയിരുന്നുവെന്നും, ഇത് എന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാത്തതെന്നും, ഇക്കാര്യങ്ങള്‍ ഐ ഐ ടിയില്‍ പഠിപ്പിക്കാറുണ്ടോ, അവരെ തീര്‍ച്ചയായും പഠിപ്പിക്കമെന്നും സത്യപാല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുഷ്പകവിമാനം അടക്കം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ ശാസ്ത്ര കണ്ടുപിടിത്തങ്ങളും എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2012-14 കാലയളവില്‍ മുംബൈ പോലീസ് കമ്മീഷണറായിരുന്ന സത്യപാല്‍ ഇക്കഴിഞ്ഞ പുനസ്സംഘടനയിലാണ് മന്ത്രിസഭയിലെത്തിയത്.
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തെ കുറിച്ചും വേദകാലഘട്ടം മുതലുള്ള കണ്ടുപിടിത്തങ്ങളെ കുറിച്ചും വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നും സത്യപാല്‍ പറഞ്ഞു.