സുഡാന്‍: സുഡാനില്‍ ദേശവ്യാപക നിയമലംഘന സമരത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്ത ആദ്യ ദിനത്തിലാണ് സംഭവം.
രണ്ട് പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റില്‍ പ്രതിക്ഷേധിച്ചാണ് പ്രതിപക്ഷം നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്തത്. എന്നാല്‍ സമരത്തിന്റെ ഒന്നാം ദിവസം തന്നെ പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായി.
തലസ്ഥാനമായ ഖാര്‍ത്തൂമില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിയമലംഘന സമരത്തില്‍ പങ്കെടുത്ത ചില എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
അധികാരം സൈന്യത്തില്‍ നിന്ന് ജനങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ സമരം. ആവശ്യം നേടും വരെ സമരം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ദേശവ്യാപക നിയമലംഘന സമരം ആഹ്വാനം ചെയ്തതിന് പിന്നാലെ സുഡാനിലെ വ്യാപാര മേഖലയും മറ്റും വിജനമാണ്. കടകള്‍ തുറക്കരുതെന്നാണ് വ്യാപാരികളോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.