ഭുവനേശ്വര്‍: ഒഡീഷയില്‍ വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും രണ്ടുവയസുകാരിയായ മകളെയും കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗഞ്ചം ജില്ലയിലെ കെ. ഗണേഷ് പത്ര ആണ് പിടിയിലായത്. ഒരു വര്‍ഷം മുന്‍പ് ഗണേശിനെതിരെ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് ഭാര്യ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി യുവതിയെയും മകളെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഭാഷ്യം.
പ്രതി, പിതാവിന്റെ പേരില്‍ സിംകാര്‍ഡ് എടുക്കുകയും സെപ്റ്റംബര്‍ 26 ന് ഇതുപയോഗിച്ച് വിഷപ്പാമ്പിനെ ലഭിക്കുന്നതിനായി പാമ്പുപിടുത്തക്കാരെ ഫോണില്‍ വിളിക്കുകയും ചെയ്തു. ശിവക്ഷേത്രത്തില്‍ പൂജയ്ക്ക് വേണ്ടിയെന്നാണ് ഇയാള്‍ ഇവരോട് പറഞ്ഞത്. ഒക്ടോബര്‍ ആറിന് പാമ്പാട്ടിയായ ബസന്ത ആചാര്യ താന്‍ പിടികൂടിയ ഒരു മൂര്‍ഖന്‍ പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി ഗണേശിന് കൈമാറി. തുടര്‍ന്ന് രാത്രി ഭാര്യയും മകളും കിടന്നുറങ്ങിയ മുറിയിലേക്ക് പാമ്പിനെ തുറന്നുവിട്ടു. പുലര്‍ച്ചെ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഗണേഷ് പാമ്പുപിടിത്തക്കാരുമായി നിരവധിതവണ ബന്ധപ്പെട്ടിട്ടുള്ളതായി ബോധ്യമായതായി കബിസൂര്യനഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പര്‍വത് സാഹു പറഞ്ഞു.
രാവിലെ 5.45 ഓടെ ഭാര്യയും മകളും പാമ്പുകടിയേറ്റ് മരിച്ചുവെന്ന് പറഞ്ഞ്ഗണേഷ് നിലവിളിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പുകടിയേറ്റാണ് ഇരുവരുടെയും മരണം സംഭവിച്ചതെന്ന് വ്യക്തമാകുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ യുവതിയുടെ പിതാവ് പോലീസ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.ഒരു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗണേശിന്റെ ഭാര്യ ബസന്തി പത്ര, മകള്‍ ദേബസ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവദിവസം യുവാവ് മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്. രാത്രി ബസന്തിയും മകളും കിടന്നുറങ്ങിയ മുറിയിലേക്ക് മൂര്‍ഖന്‍ പാമ്പിനെ തുറന്നുവിടുകയായിരുന്നു.