കോട്ടയം: കോട്ടയം ഈരാറ്റുപേട്ട ടൗണിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് പോലീസിനെ ഞെട്ടിച്ച് നാടകീയ സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ തമ്മിലടി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘം കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം. രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. രണ്ട് തൊഴിലാളികളാണ് അറസ്റ്റിലായത്.
പശ്ചിമ ബംഗാൾ സ്വദേശികളായ വസീം മാലിക്, അലാം ഖിർ എന്നിവരാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട ചെമ്മനച്ചാലിൽ നജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വസീം മാലിക് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇവിടെ താമസം തുടങ്ങിയത്. രാവിലെ വസീമിന്റെ മുറിയിൽ എത്തിയ സുഹൃത്തായ അലാഖീർ, സാമ്പത്തിക ഇടപാടുകളെ ചൊല്ലി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ബഹളവും വാക്കേറ്റവും വർദ്ധിച്ചതോടെ സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷിക്കാൻ എത്തിയ പൊലീസ് കണ്ടത് മുറിയിലെ വൻ കഞ്ചാവ് ശേഖരം. രണ്ട് പായ്ക്കറ്റുകളിൽ ആക്കി സൂക്ഷിച്ചിരുന്ന 2.27 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. തമ്പാക്ക് അടക്കം മറ്റു ലഹരിപദാർത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് വസീം കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വസീമിനെ കെട്ടിട ഉടമയ്ക്ക് പരിചയപ്പെടുത്തിയ ആൾക്ക് വേണ്ടിയും പൊലീസ് അന്വേഷണം തുടങ്ങി.