ഭാരത ബന്ദില്‍ ഉണ്ടായ അക്രമങ്ങളുടെ സൂത്രധാരന്‍ ബി എസ് പി നേതാവെന്ന് പൊലീസ്

up

ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളിലുണ്ടായ അക്രമങ്ങളുടെ മുഖ്യസൂത്രധാരന്‍ ബി എസ് പി നേതാവെന്ന് യു പി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ബി എസ് പി എം എല്‍ എ യോഗേഷ് വര്‍മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബന്ദുമായി ബന്ധപ്പെട്ട് യോഗേഷ് ഉള്‍പ്പെടെ 200 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മീററ്റില്‍നിന്നുള്ള എസ് എസ് പി മന്‍സില്‍ സൈനി അറിയിച്ചു. ഹസ്തിന്‍പുര്‍ മണ്ഡലത്തെയാണ് സംസ്ഥാന നിയമസഭയില്‍ യോഗേഷ് പ്രതിനിധീകരിച്ചിരുന്നത്.

ഭാരത ബന്ദില്‍ വ്യാപക അക്രമമുണ്ടായതിനെ തുടര്‍ന്നു ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 144 പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ചെറുക്കാനുള്ള നിയമം ദുരുപയോഗം ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി നല്‍കിയ ഉത്തരവിനെതിരേ ദളിത് വിഭാഗം നടത്തിയ ബന്ദിലാണ് അക്രമങ്ങളുണ്ടായത്.

ഉത്തരാഖണ്ഡിനു പുറമേ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രക്ഷോഭകാരികള്‍ പൊലീസുമായി നടത്തിയ ഏറ്റമുട്ടലില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ആല്‍വാറില്‍ ഒരാളും ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലും മീററ്റിലും ഓരോരുത്തരും മരിച്ചു . ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Top