വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; 2 ഡോക്ടര്‍മാരും 2 നഴ്‌സുമാരും പ്രതികള്‍, 60 സാക്ഷികള്‍

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. സംഭവത്തില്‍ 2 നഴ്‌സുമാരും 2 ഡോക്ടറര്‍മാരും പ്രതികളെന്ന് 750 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 60 സാക്ഷികളാണുള്ളത്. ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി.

2017 ല്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് ആണ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവായത്. ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ വാദം ശരിയല്ലെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ഉപകരണം കുടുങ്ങിയത് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വീഴ്ച സംഭവിച്ചെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും എസിപി വ്യക്തമാക്കി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹര്‍ഷിന പറഞ്ഞു. നഷ്ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതിപൂര്‍ണ്ണമാകുന്നുള്ളൂവെന്നും ഹര്‍ഷിന പ്രതികരിച്ചു.

Top