ആലപ്പുഴ: തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കെ ജി പ്രസാദിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പ്രസാദിന്റെത് കര്‍ഷക ആത്മഹത്യ തന്നെ ആണോ എന്നാണ് പരിശോധിക്കുന്നത്. പ്രസാദിന്റെ ആത്മഹത്യക്കുറിപ്പും ശബ്ദ സംഭാഷണവും അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
പ്രസാദ് ആത്മഹത്യ ചെയ്തത് അത്യന്തം ഖേദകരമാണെന്നും സംസ്ഥാനത്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായ പ്രസാദിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധം തുടരാനാണ് ആര്‍എസ്എസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിമാരുടെ വീട്ടിലേക്കും ആലപ്പുഴ കളക്ട്രേറ്റിലേക്കും മാര്‍ച്ച് നടത്താനും വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
പി ആര്‍ എസ് വായ്പയെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് പ്രസാദിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബവും ആരോപിക്കുന്നത്. അതേസമയം പി ആര്‍ എസ് വായ്പയിലെ കുടിശ്ശിക അല്ല പ്രസാദിന്റെ സിബില്‍ സ്‌കോറിനെ ബാധിച്ചതെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിശദീകരണം. വ്യക്തിഗത വായ്പ ഒറ്റത്തവണ തീര്‍പ്പാക്കിയതിന്റെ പേരില്‍ കര്‍ഷകന് ബാങ്കുകള്‍ വായ്പ നിഷേധിച്ചിരുന്നു. പി.ആര്‍.എസ് വായ്പയായി 1,38,655 രൂപ ആണ് പ്രസാദിന് അനുവദിച്ചതെന്നും അതിന്റെ തിരിച്ചടവിന് സമയം ബാക്കിയുണ്ടെന്നും വകുപ്പ് വിശദീകരിച്ചു.