പാലക്കാട്: തൃത്താലയില്‍ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്‍സാര്‍, കബീര്‍ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കഴുത്തിന് വെട്ടേറ്റ നിലയില്‍ അന്‍സാര്‍ ആശുപത്രിയിലെത്തുകയും വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് മുമ്പ് മരണപ്പെടുകയുമായിരുന്നു. ഒരു ദിവസത്തിനിപ്പുറം കബീറിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ വെട്ടേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു.
പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഉറ്റസുഹൃത്ത് മുസ്തഫയാണെന്ന് അന്‍സാര്‍ ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കിയിരുന്നു.
അന്‍സാറിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് കൂട്ടത്തിലൊരാളായ കബീറിനായുള്ള തെരച്ചിലും പൊലീസ് ഊര്‍ജിതപ്പെടുത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ ഇന്നലെ ഭാരതപ്പുഴയില്‍നിന്നും കബീറിന്റെ മൃതദേഹം ലഭിക്കുകയും ചെയ്തു. മുസ്തഫയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. പൊലീസ് പിടികൂടുമ്പോള്‍ മുസ്തഫയുടെ ദേഹത്ത് രക്തക്കറ ഉണ്ടായിരുന്നു.