സ്റ്റോക്ക്ഹോം: സ്വീഡനില്‍ കൈയ്യില്‍ കളിത്തോക്കുമായി നിന്ന ബുദ്ധിവളര്‍ച്ചയെത്താത്ത യുവാവിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. എറിക്ക് ടോറല്‍ എന്ന ഇരുപതുകാരനാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കളിത്തോക്കുമായി നിന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ എറിക്ക് ടോറലിനെ അക്രമിയെന്ന് തെറ്റിദ്ധരിച്ചാണ് പൊലിസ് വെടിവെച്ച് കൊലപ്പെടുത്തിയത്. സെന്‍ഡ്രല്‍ സ്റ്റോക്ക്‌ഹോമിലെ വാസസ്റ്റണില്‍ ഒരാള്‍ തോക്കുമായി നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലിസ് സ്ഥലത്തെത്തിയത്. തങ്ങള്‍ എത്തുമ്പോള്‍ എറിക്ക് ടോറല്‍ തോക്കുമായി നില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സ്ഥിതി അപകടകരമെന്ന് തോന്നിയ പോലീസ് എറിക്കിനെ വെടിവെയ്ക്കുകയായിരുന്നു. എന്നാല്‍, എറിക്ക് കൈവശം വെച്ചിരുന്നത് കളിത്തോക്കായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
തങ്ങളുടെ മകന്‍ ഡൗണ്‍ സിന്‍ഡ്രോമും ഓട്ടിസവും ബാധിച്ച കുട്ടിയാണെന്ന് എറിക്കിന്റെ മാതാപിതാക്കള്‍ പറഞ്ഞു. അവനാകെ പറഞ്ഞിരുന്നത് ‘അമ്മ’ എന്ന വാക്ക് മാത്രമാണ്. കൈയ്യിലുണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും വെറും മൂന്ന് വയസ്സുകാരന്റെ മാനസിക വളര്‍ച്ച മാത്രമുണ്ടായിരുന്ന അവന്‍ അപകടകാരിയാണെന്ന് പോലീസിന് എങ്ങനെ തോന്നിയെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ പറയുന്നു. അതേസമയം, അപകടകാരിയാണെന്ന് തെറ്റിദ്ധരിച്ചാണ് എറിക്കിന് നേരെ വെടിയുതിര്‍ത്തതെന്നും കരുതികൂട്ടിയുള്ള ആക്രമണത്തിന് തെളിവില്ലെന്നും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.