തിരുവനന്തപുരം: പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ ഇനി ജോലി ചെയ്യാതെ സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയാല്‍ വിവരമറിയും.
ഐ.പി.എസുകാര്‍ക്കെതിരായ വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി കൊടുത്തതില്‍ ഇപ്പോള്‍ പൊലീസ് സംഘടനകളുടെ തലപ്പത്തുള്ള ചിലരും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉള്ളവരും ഉണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ടാര്‍ഗറ്റ് ചെയ്ത വാര്‍ത്തകള്‍ മറ്റു മാധ്യമങ്ങളില്‍ കൂടി വരുമെന്ന് ഉറപ്പു വരുത്തിയതിന് പിന്നില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ അമിതമായി ഇടപെട്ടുവെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ തെളിവ് സഹിതം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി നിരവധി തവണയാണ് ഒരു സംഘടനാ നേതാവ് മാധ്യമ പ്രവര്‍ത്തകരോട് ബന്ധപ്പെട്ടത്. ഇത് ഗൗരവമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ കാണുന്നത്.
തലസ്ഥാനത്ത് മാത്രമല്ല ഭീകര ഭീഷണി നിലനില്‍ക്കുന്ന കോഴിക്കോട് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെയും കുടുംബത്തിന്റെയും സുരക്ഷ സംബന്ധമായി പോലും തെറ്റായ വാര്‍ത്തകള്‍ നല്‍കാന്‍ ഇടപെട്ട പൊലീസുകാര്‍ സേനയില്‍ തുടരാന്‍ തന്നെ യോഗ്യരല്ലന്നും ഐ.പി.എസ് കേന്ദ്രങ്ങള്‍ തുറന്നടിച്ചു.
ഐ.പി.എസുകാരുടെ സംഘടനയുടെ തലപ്പത്തുള്ളവര്‍ ജോലി ചെയ്യാതെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നില്ലന്നും ഇക്കാര്യം മറ്റ് പൊലീസ് സംഘടനകള്‍ക്കും ബാധകമാണെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
പൊലീസുകാര്‍ക്ക് ജോലി ചെയ്യാതെ സംഘടനാ പ്രവര്‍ത്തനം അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കാത്ത പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവികള്‍ കര്‍ക്കശ നിലപാടിലേക്ക് മാറണമെന്നതാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഇപ്പോഴത്തെ പൊതുവികാരം.
പൊലീസ് സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നവരെ സ്ഥലം മാറ്റുന്ന ഇടപാട് തന്നെ അവസാനിപ്പിക്കണമെന്നും സര്‍ക്കാറില്‍ നിന്നോ ഡി.ജി.പിയില്‍ നിന്നോ നിര്‍ദേശം ലഭിക്കാതെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകരോട് വ്യക്തമാക്കിയതായാണ് സൂചന.
ചില പൊലീസുകാരുടെയും അവരുടെ ശിങ്കിടികളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവസരം കിട്ടിയപ്പോള്‍ ‘പണി’ കൊടുത്തവര്‍ ആരൊക്കെയാണ് എന്ന വിവരങ്ങള്‍ ഒരു ലിസ്റ്റായി തന്നെ ഉദ്യോഗസ്ഥര്‍ ശേഖരിച്ച് വച്ചിട്ടുണ്ടത്രെ.
ജന്മി-കുടിയാന്‍ ബന്ധം പോലെ പൊലീസുകാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെ താരതമ്യപ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണ് എന്നും ഐ.പി.എസുകാര്‍ ചോദിക്കുന്നു.
പൊലീസുകാരന്‍ അസോസിയേഷന്‍ നേതാവായാലും സാധാരണ പൊലീസുകാരന്‍ മാത്രമാണ.് അക്കാര്യം വാര്‍ത്ത കൊടുക്കുന്നവരും ഓര്‍ക്കണം. ഭരണം മാറുന്നതിന് അനുസരിച്ച് ആളാകാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം ഇവര്‍ക്കിടയിലുണ്ട് ഉദ്യോഗസ്ഥര്‍ തുറന്നടിച്ചു.
പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ എന്ത് ജോലി ചെയ്യണം, എസ്.ഐമാര്‍ ആരൊക്കെ വരണം എന്നൊക്കെ തീരുമാനിക്കാന്‍ ഇവര്‍ക്ക് അധികാരമില്ല.
അച്ചടക്കമുള്ള സേനയുടെ മൊത്തം കാര്യങ്ങളും താറുമാറാക്കുന്ന നടപടികളാണ് ഇപ്പോള്‍ അണിയറയില്‍ നടക്കുന്നത്. എസ്.പിമാര്‍ക്കും മറ്റ് സീനിയര്‍ ഉദ്യോഗസ്ഥന്‍ മാര്‍ക്കും സേനയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാല്‍ വലിയ പ്രത്യാഘാതമാണ് നാട്ടിലുണ്ടാകുകയെന്നും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി.
അതേസമയം നിലപാട് കര്‍ക്കശമാണെങ്കിലും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചിലര്‍ കാണിക്കുന്ന പെരുമാറ്റങ്ങളെയും അധികാര ദുര്‍വിനിയോഗത്തെയും ഭൂരിപക്ഷ ഐ.പി.എസുകാരും ന്യായീകരിക്കാനില്ലന്നതും ശ്രദ്ധേയമാണ്.
ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി വിവാദമാകുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തന്നെയാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സുരക്ഷ സംബന്ധമായ കാര്യത്തില്‍ സര്‍ക്കാര്‍ മറിച്ച് നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലന്നും ഐ.പി.എസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.