ട്വിറ്ററിന്റെ ലോഗോ നീക്കം ചെയ്യുന്നത് തടഞ്ഞ് പൊലീസ്. റീബ്രാൻഡ് ചെയ്ത ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിലുണ്ടായിരുന്ന ലോഗോ നീക്കം ചെയ്യുന്നതാണ് പൊലീസ് തടസപ്പെടുത്തിയത്. X.com എന്നാണ് പുതിയ പേര്. സാൻഫ്രാൻസിസ്കോയിലെ 1355 മാർക്കറ്റ് സ്ട്രീറ്റിലുള്ള ടിറ്ററിന്റെ ആസ്ഥാന ഓഫീസിന് പുറത്തുള്ള ലോഗോ നീക്കം ചെയ്യാൻ ശ്രമിക്കവെയാണ് സംഭവം.
പൊലീസ് ഇത് തടസപ്പെടുത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ല. അനുമതി വാങ്ങാതെ ചെയ്തതാണ് പൊലീസിന്റെ നീക്കത്തിന് കാരണമെന്നാണ് സൂചന. പ്രദേശത്ത് ക്രെയിൻ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല. നിലവിൽ ഓഫീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയും കമ്പനിയുമായി വാടകയുമായി ബന്ധപ്പെട്ട തർക്കം നിലനിലനിൽക്കുകയാണെന്ന സൂചനയുണ്ട്.
സംഭവത്തിൽ കുറ്റകരമായ ഒന്നും ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല. ഇക്കാരണത്താൽ പൊലീസ് നടപടകളെടുത്തിട്ടില്ല. ജോലി പൂർത്തിയാക്കാതെയാണ് ക്രെയിൻ പോയത്. ഇപ്പോള് ‘twitter’ ന്റെ ‘er’ എന്നീ അക്ഷരങ്ങൾ മാത്രമാണ് അവിടെ ബാക്കിയുള്ളത്. ഇത് പിന്നീട് നീക്കം ചെയ്തോ എന്നതിൽ വ്യക്തതയില്ല. ലോഗോ നീക്കം ചെയ്യുന്നത് കാണാനെത്തിയവർ പകർത്തിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കഴിഞ്ഞ ദിവസമാണ് ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് ഇലോൺ മസ്കും സംഘവും തുടക്കമിട്ടത്. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റിയിരുന്നു. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. ഇലോൺ മസ്ക്. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റർ. ‘കിളി’ പോയ ട്വിറ്റർ ഇപ്പോൾ ‘എക്സ്’ എന്നാണ് അറിയപ്പെടുന്നത്.
ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതായത്. മൊബൈൽ ആപ്പുകളിൽ മാറ്റം വൈകാതെയെത്തുമെന്നാണ് പ്രഖ്യാപനം. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്നും ട്വിറ്റർ സിഇഒ ലിൻഡ യക്കാറിനോ പ്രതികരിച്ചു. അതേസമയം, മാറ്റത്തിനെതിരെ വിമർശനവുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തിയിരുന്നു.