തൃശൂര്‍: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലെ സംഘര്‍ഷത്തില്‍ പത്തുപേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു.ഇരുമ്പ് വടി കൊണ്ടും കുടിച്ചില്ലുകൊണ്ടും ജയില്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു വെന്ന് എഫ്‌ഐആറില്‍ പറയുന്നു. ആക്രമണത്തില്‍ നാലു ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. പത്തു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
വധശ്രമം തുടങ്ങി കലാപ ആഹ്വാനം വരെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ കലാപ ആഹ്വാനം നടത്തി സംഘര്‍ഷം അഴിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. കൊടിസുനിയാണ് കേസിലെ അഞ്ചാം പ്രതി.
കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം സ്വദേശികളായ കൊലക്കേസ് പ്രതികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ ജയില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് കൊടി സുനിയും സംഘവും പ്രതികളെ മാറ്റിയ ബ്ലോക്കിലേക്കെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. കൊലക്കേസ് പ്രതികളിലൊരാള്‍ സ്വയം പരിക്കേല്‍പ്പിച്ചതായും വിവരമുണ്ട്.
സംഘര്‍ഷത്തില്‍ നിന്ന് ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്. കമ്പിയടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ജയില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്.