ബെംഗളൂരുവില്‍ മലയാളി നഴ്‌സറി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

ബെംഗളൂരു: ബെംഗളൂരു ചെല്ലക്കരയില്‍ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് കഴിഞ്ഞദിവസം ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്.

ഇതിന് പിന്നാലെയാണ് സ്‌കൂളിന്റെ പ്രിന്‍സിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാന്‍, കണ്ടാല്‍ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. സംഭവത്തില്‍ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ മരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി ജിയന്നയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടികളെ നോക്കാന്‍ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം. കെട്ടിടത്തിന് മുകളില്‍ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കില്‍ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും വീട്ടുകാര്‍ ഇടപെട്ട് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ജീവനക്കാരെയും പ്രതി ചേര്‍ത്ത് കേസെടുത്തത്.

Top