സൈബര്‍ അധിക്ഷേപം; മറിയാ ഉമ്മന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. ലൈംഗികാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുന്നതായി മറിയ ഉമ്മന്‍ പരാതിയില്‍ പറയുന്നു.

സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം സൈബര്‍ സംഘങ്ങളാണെന്നും മറിയ പരാതിയില്‍ ആരോപിക്കുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കിയിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു അച്ചു ഉമ്മന്‍ പരാതി നല്‍കിയത്. ഈ പരാതിയിന്മേല്‍ കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാര്‍ കൊളത്താപ്പിളളിക്കെതിരെ സംഭവത്തില്‍ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ടതിനാണ് അച്ചുവിന്റെ പരാതിയില്‍ കേസെടുത്തത്. പരാതിക്ക് പിന്നാലെ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു.

Top