മറ്റാരുടെയും സഹായമില്ല, ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റക്കെന്ന് പൊലീസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിനായി ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റക്കെന്ന് പൊലീസ്. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ല. ഐഇഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്. പെട്രോള്‍, പടക്കം, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചത്. ട്രിഗര്‍ ചെയ്യാന്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു. ബോംബ് നിര്‍മിച്ചത് തലേ ദിവസം കൊച്ചിയിലെ വീട്ടിലാണ്.

ഫോര്‍മാനായ ഡൊമിനികിന് സാങ്കേതിക അറിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ യൂടൂബില്‍ നിന്ന് പഠിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറയുന്നു. കളമശ്ശേരിയിലെ എആര്‍ ക്യാംപില്‍ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇയാളുടെ യുട്യൂബ് ലോഗിന്‍ വിവരങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിക്കുന്നു.

അതേസമയം, നീല കാറിനെ സംബന്ധിച്ച ദുരൂഹതയും നീങ്ങുകയാണ്. കാറിന്റെ നമ്പര്‍ ഒരാള്‍ പൊലീസിനെ അറിയിച്ചതായാണ് വിവരം. സ്‌ഫോടനത്തിന് തൊട്ട് പിന്നാലെ ഭയപ്പെട്ട് അവിടെ നിന്ന് ആരെങ്കിലും പോയതാകാമെന്ന് നിഗമനം. അതിനിടെ, മുഖ്യമന്ത്രി ഉച്ചയോടെ കളമശ്ശേരിയില്‍ എത്തും.

Top