മുംബൈ: കുവൈത്തില്‍ നിന്ന് മുബൈ തീരത്തെത്തിയ മത്സ്യബന്ധന ബോട്ട് പൊലീസ് പിടിച്ചെടുത്തു. കന്യാകുമാരി സ്വദേശികളായ മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിലെത്തിയ ഇവരുടെ കൈവശം ആയുധങ്ങളോ മറ്റ് സംശയകരമായ വസ്തുക്കളോ ഇല്ലായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുവൈത്തിലെ തൊഴിലുടമയുടെ പീഡനം കാരണം ബോട്ട് മോഷ്ടിച്ച് അതില്‍ കയറി രക്ഷപ്പെടുകയായിരുന്നു എന്നാണ് ബോട്ടിലുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് സമുദ്ര സുരക്ഷാ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ബോട്ടിലെത്തിയവര്‍ ആയുധനങ്ങളോ മറ്റ് അപകടകരമായ വസ്തുക്കളോ കൊണ്ടുവന്നിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് പറയുമ്പോള്‍ തന്നെ ഇത്രയും ദൂരം രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കടന്ന് സഞ്ചരിച്ചിട്ടും ആരുടെയും ശ്രദ്ധയില്‍പെടാത്തത് സുരക്ഷാ വീഴ്ചയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.12 ദിവസം യാത്ര ചെയ്താണ് ഇന്ത്യന്‍ തീരത്തെത്തിയത്. പൊലീസ് സംഘം കണ്ടെത്തുമ്പോള്‍ ഇവര്‍ നാല് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല. കൈവശമുണ്ടായിരുന്ന സാധനങ്ങളെല്ലാം തീര്‍ന്നിരുന്നു. ബോട്ട് സുരക്ഷിതമായി താജ് ഹോട്ടലിന് സമീപത്തേക്ക് മാറ്റി. സംശയകരമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കുവൈത്തിലെ ഒരു മത്സ്യബന്ധന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മൂന്നംഗ സംഘം അവിടെ തൊഴിലുടമയില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായെന്ന് ഇവര്‍ പറഞ്ഞു. ശമ്പളം നല്‍കിയിരുന്നതുമില്ല. മോശമായ തൊഴില്‍ സാഹചര്യങ്ങളില്‍ മുന്നോട്ട് പോകാനാവാതെ വന്നതോടെ അവസാന ആശ്രയമെന്ന നിലയ്ക്ക് തൊഴിലുടമയുടെ ബോട്ട് തന്നെ മോഷ്ടിച്ച് അതില്‍ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ തൊഴിലുടമ പിടിച്ചുവെച്ചിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.കന്യാകുമാരി സ്വദേശികളായ ആന്റണി, നിദിഷോ ഡിറ്റോ, വിജയ് ആന്റണി എന്നിവരാണ് കുവൈത്തില്‍ നിന്നെത്തിയ ബോട്ടിലുണ്ടായിരുന്നത്. ഇവരെ കൊളാബ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുവൈത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇവര്‍ അറിയിച്ച ബോട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അറബിക്കടലിലൂടെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് ഇവര്‍ എത്തിച്ചേര്‍ന്ന സാഹചര്യം അധികൃതര്‍ പരിശോധിക്കുകയാണ്.