കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ട അഞ്ചു വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി ഷെമീമിനെ പൊലീസ് അതിസാഹസികമായി കസ്റ്റഡിയിലെടുത്തു. ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ചാണ്ടി ഷെമീം എന്ന കാപ്പ പ്രതി പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് ഇയാൾ തീയിട്ടത്. ഇതിൽ ഷെമീമിന്റേയും വാഹനമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പുലർച്ചെ അഞ്ചിനാണ് സംഭവം. ഷെമീർ സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. പർദ്ദ ധരിച്ചായിരുന്നു ഷെമീം വന്നതെന്ന് പൊലീസ് പറയുന്നു. തുടർന്ന് രാവിലെ മുതൽ ഷെമീമിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. പൊലീസ് സംഘം വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഷെമീമിന്റെ സ്ഥലം പുഴാതിയിലാണെന്ന് പൊലീസ് അറിയുന്നത്. അവിടെ രാവിലെ ഇയാളെ കണ്ടതായും പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് അന്വേഷണം അങ്ങോട്ടേക്കും വ്യാപിപ്പിക്കുകയായിരുന്നു.
പുഴാതിയിലെ പഴയ രണ്ടുനില കെട്ടിടത്തിന് മുകളിലാണ് ഷെമീമിനെ കണ്ടത്. സ്ക്വാഡ് കൂടുതൽ പൊലീസ് സംഘം വേണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം പൊലീസ് സ്ഥലത്തെത്തി. എന്നാൽ പ്രദേശവാസികൾക്ക് സംഭവം പെട്ടെന്ന് മനസ്സിലായിരുന്നില്ല. പൊലീസ് വരികയും കെട്ടിടത്തിന്റെ മുകളിലേക്ക് കയറിപ്പോവുകയും ചെയ്തു. താഴേക്ക് വരാൻ ഷെമീമിനോട് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ഷെമീർ നിരസിച്ചതോടെയാണ് പൊലീസ് മുകളിലേക്ക് കയറി ഷെമീമിനെ ബലംപ്രയോഗിച്ച് പിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാളും ഇയാളുടെ സഹോദരനും ഇന്നലെ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അതിനെ തുടർന്നാണ് സഹോദരൻ ഷംസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ പ്രതികാരമെന്നോണമാണ് പുലർച്ചെ സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. ഇതിൽ അയാളുടെ ധാർ ജീപ്പും ഉണ്ടെന്നാണ് വിവരം.
പൊലീസ് സ്റ്റേഷനിലെത്തി പ്രതി അക്രമം നടത്തിയത് പൊലീസിന് തന്നെ നാണക്കേടുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷ്ണറുൾപ്പെടെ പ്രതിയെ പെട്ടെന്ന് പിടികൂടണമെന്ന് അറിയിച്ചത്. അതേസമയം, ഷമീമിനെ പിടിക്കുന്നതിനിടെ രണ്ടു പൊലീസുകാർക്ക് പരുക്കേറ്റു. സി പി ഒ മാരായ കിരൺ , ലവൻ എന്നിവർക്കാണ് പരുക്കേറ്റത്. പോലീസിന്റെ കൈ വെട്ടും എന്ന് ഷെമീം രാവിലെ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷെമീറിനെ പൊലീസ് പൊക്കുന്നത്.