ലോണ്‍ ആപ്പ് തട്ടിപ്പ്; നടപടികള്‍ കടുപ്പിച്ച് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം, ഇന്റര്‍ പോളിന്റെ സഹായം തേടും

തിരുവനന്തപുരം: ലോണ്‍ ആപ്പ് തട്ടിപ്പില്‍ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നടപടികള്‍ കടുപ്പിച്ചു. അന്വേഷണത്തിന് പൊലീസ് ഇന്റര്‍ പോളിന്റെ സഹായം തേടും. തട്ടിപ്പ് നടത്തുന്ന 72 ലോണ്‍ ആപ്പുകളുടെ പട്ടിക തയാറാക്കി പൊലീസ് കഴിഞ്ഞ ദിവസം ഗൂഗിളിന് അയച്ചിരുന്നു. ഇവയുടെ പ്രവര്‍ത്തനം വിലക്കണമെന്നും ഇവയുമായി ബന്ധപ്പെട്ട സൈറ്റുകള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ചൈന, മൗറീഷ്യസ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

അതേസമയം തട്ടിപ്പ് നടത്തുന്ന ആപ്പുകളില്‍ പലതും പ്ലേ സ്റ്റോറിലും ഐഒഎസിലുമില്ലെന്ന് സൈബര്‍ ഓപ്പറേഷന്‍ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തി. ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് അജ്ഞാത വെബ്സൈറ്റുകള്‍ വഴിയെന്നാണ് കണ്ടെത്തല്‍. അജ്ഞാത വെബ്സൈറ്റുകള്‍ സ്വകാര്യത കൂടുതലായി സംരക്ഷിക്കുന്നവയാണ്. അതിനാല്‍ ഇവയുടെ പ്രവര്‍ത്തനം കണ്ടെത്തുക വളരെ ശ്രമകരമാണെന്ന് സൈബര്‍ വിഭാഗം പറഞ്ഞു. ഈ അജ്ഞാത വെബ്സൈറ്റുകളുടെ ലിങ്കുകള്‍ വാട്സാപ്പില്‍ നല്‍കിയാണ് തട്ടിപ്പ്.

ലിങ്കുകള്‍ തുറന്നാല്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടബിള്‍ ഫയലുകളിലേക്ക് പ്രവേശിക്കും. അങ്ങനെ വായ്പ എടുക്കേണ്ടവര്‍ക്ക് ആ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ഒരേ വെബ്സൈറ്റിന്റെ തന്നെ ഒന്നിലധികം ലിങ്കുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. ഈ പശ്ചാത്തലത്തിലാണ് ഇവ കൂടി നീക്കം ചെയ്യണമെന്ന് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം ആവശ്യപ്പെട്ടത്.

Top