തിരുവനന്തപുരം:കാര്യവട്ടത്ത് ഈ മാസം 15ന് നടക്കാനിരിക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിൻറെ ടിക്കറ്റിൻറെ നികുതി വർദ്ധനയിൽ കായിക മന്ത്രി വി അബ്ദുൾ റഹ്മാൻറെ പ്രതികരണത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്. പാവപ്പെട്ടവനും ക്രിക്കറ്റ് കാണണം. പട്ടിണി കിടക്കുന്നവനും കാണേണ്ട കളിയാണ് ക്രിക്കറ്റ്. ടിക്കറ്റ് നിരക്ക് വർധനയ്ക്ക് നീതീകരണമില്ല .കെസിഎയും സർക്കാരും തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ അത് അവർ പരിഹരിക്കണം .ജനങ്ങളുടെ മേലെ അല്ല പഴിചാരേണ്ടത്. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയർത്തിയതിനെ കായികമന്ത്രി വി.അബ്ദുറഹ്മാൻ ന്യായീകരിച്ചത്. കഴിഞ്ഞ തവണ കുറഞ്ഞ നികുതിയായിട്ടും ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികൾക്ക് ഗുണം കിട്ടാതെ ബിസിസിഐയും കെസിഎയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തി. കാര്യവട്ടത്ത് കളി കാണാൻ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പർ ടയറിന് 1000 രൂപയും ലോവർ ടയറിന് 2000 രൂപയുമാണ്. 18 ശതമാനം ജിഎസ്ടിയും കോർപ്പറേഷൻറെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാർജും കൂടിയാകുമ്പോൾ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവർ ടയർ നിരക്ക് 2860ഉും ആയി ഉയരും. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയർത്തിയതിനെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ ആയിരുന്നു കായികമന്ത്രിയുടെ വിചിത്ര ന്യായീകരണം