പലസ്തീന്‍ വിഷയത്തില്‍ എല്ലാരും യോജിച്ച് നില്‍ക്കണമെന്നാണ് നിലപാട്; ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: സി പി എം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന വ്യക്തിപരമായി നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. പലസ്തീന്‍ വിഷയത്തില്‍ എല്ലാരും യോജിച്ച് നില്‍ക്കണമെന്നാണ് നിലപാട്. ലീഗ് പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. പാര്‍ട്ടി തീരുമാനം പോകണമെന്നാണെങ്കില്‍ പോകും. മറ്റ് വിവാദങ്ങളിലേക്കില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

റാലിയില്‍ ലീഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമസ്തയും വ്യക്തമാക്കിക്കഴിഞ്ഞു. ഇത്തരം വിഷയങ്ങളില്‍ സഹകരിക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു. ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

കോണ്‍ഗ്രസ് എന്തുകൊണ്ട് ഇത്തരം റാലികള്‍ നടത്തുന്നില്ലെന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസിനോട് ചോദിക്കണമെന്നായിരുന്നു സലാമിന്റെ ഉത്തരം. ഇത്തരമൊരു മനുഷ്യത്വപരമായ സമീപനത്തില്‍ താത്പര്യമുള്ളവര്‍ ഒപ്പം നില്‍ക്കുകയാണ് വേണ്ടത്, ആരെയും പിടിച്ചുനിര്‍ത്തുകയല്ലെന്നും പി എം എ സലാം വ്യക്തമാക്കി.

Top