അഞ്ചാംഘട്ട ലോക്ക്ഡൗണിന് സാധ്യത; തീരുമാനം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് അഞ്ചാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം വന്നേക്കും. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതില്‍ അമിത് ഷാ പ്രധാനമന്ത്രിയുടെ ഉപദേശം തേടിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കുന്നതാവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം.

നാളെ മന്‍കിബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ പൊതുസ്ഥിതി വിശദീകരിക്കും. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ഇളവുകള്‍ നല്‍കിയായിരിക്കും ലോക്ക് ഡൗണ്‍ നീട്ടുക. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും സാധ്യതയുണ്ട്. നാലാം ഘട്ടം ഈ മാസം 31 നാണ് അവസാനിക്കുന്നത്.

Top