എക്‌സ് അകൗണ്ടിലെ പോസ്റ്റ് പിന്‍വലിക്കണം, അല്ലാത്തപക്ഷം കേസെടുക്കും’; രാഹുലിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി : ബലാത്സംഗ-കൊലപാതകത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. പോസ്റ്റ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. 9 വയസുകാരിയുടെ വിവരങ്ങളടങ്ങിയ ‘എക്‌സ്’ പോസ്റ്റ് ഇന്ത്യയില്‍ ലഭ്യമല്ലെങ്കിലും രാജ്യത്തിന് പുറത്ത് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി.

2021 ഓഗസ്റ്റ് 1 ന്, ഡല്‍ഹിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച 9 വയസുകാരി മാതാപിതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം രാഹുല്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ അന്ന് ആരോപിച്ചിരുന്നത്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഓള്‍ഡ് നംഗല്‍ ഗ്രാമത്തിലെ ഒരു ശ്മശാനത്തിലെ പൂജാരിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പിന്നീട് കണ്ടെത്തി.

എന്നാല്‍ ബലാത്സംഗ-കൊലപാതകമെന്ന് കണ്ടെത്തിയിട്ടും രാഹുല്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കുറച്ചുകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പിന്നീട് ഇത് വീണ്ടും പുനഃസ്ഥാപിച്ചു. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ ട്വിറ്ററിനും, സിറ്റി പൊലീസിനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2021-ല്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.

എക്‌സ് പോസ്റ്റ് നീക്കം ചെയ്തിരിക്കാമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ണ്ണ എന്നിവരുടെ ബെഞ്ച് രാഹുലിനോട് ആവശ്യപ്പെട്ടു. ഇരയുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. വാദത്തിനിടെ രാഹുല്‍ ഗാന്ധിയുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വിഷയം സങ്കീര്‍ണ്ണമാണെന്നും ഡല്‍ഹി പൊലീസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നാലാഴ്ചയ്ക്കകം അന്വേഷണവുമായി ബന്ധപ്പെട്ട് ‘മുദ്ര വച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട്’ സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസ് അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. 2024 ജനുവരി 24 ന് കേസ് വീണ്ടും പരിഗണിക്കും.

Top