തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്തെ ശാഖാകുമാരിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസംമുട്ടിച്ച് ബോധം കെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ശനിയാഴ്ച പുലര്‍ച്ചെയോടെ കൊലപാതകം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകളും കണ്ടെത്തി. കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് കൂടൂതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചന.
വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണ്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനാല്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.