14 ദിവസത്തെ പഠനത്തിനായി ചന്ദ്രയാന്‍ 3 ലാന്‍ഡറില്‍ നിന്നും പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങി

ബെംഗളൂരു: കുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ അഭിമാന ദൗത്യം. ചന്ദ്രയാന്‍ 3 ലാന്‍ഡറില്‍ നിന്നും പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങി. 14 ദിവസം ആണ് റോവര്‍ പഠനം നടത്തുക. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് അഭിനന്ദനവുമായി ട്വിറ്ററില്‍ വാര്‍ത്ത പങ്കുവച്ചത്. ലാന്‍ഡിംഗ് നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് റോവര്‍ പുറത്തിറങ്ങിയത്. ലാന്‍ഡര്‍ ഇറങ്ങിയതിനാല്‍ തന്നെ പ്രതലത്തിലാകെ പൊടി നിറഞ്ഞിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ലാന്‍ഡറിനെ വലയം വെച്ചു. ഇത് മാറിയതിന് ശേഷമാണ് റോവര്‍ പുറത്തേക്ക് ഇറങ്ങിയത്.

ഒരു ചാന്ദ്ര പകല്‍ മാത്രമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്യും. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവര്‍ 14 ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം.

ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനില്‍ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തില്‍ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാന്‍ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളില്‍ റോവര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ശാസ്ത്രജ്ഞര്‍ ലാന്‍ഡറില്‍ നിന്നും ലോവറില്‍ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളില്‍ നിന്നും വരുന്ന ഡാറ്റാ വിശകലനം ചെയ്യാന്‍ തുടങ്ങും.

Top