റണ്‍വേയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം, ഡല്‍ഹി വിമാനത്താവളം താത്കാലികമായി അടച്ചിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഡ്രോണ്‍ സാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളെ അര മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു.

വിമാനത്താവളത്തിലെ മൂന്ന് റണ്‍വേകള്‍ അടച്ചിടുകയും നിരവധി വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തു.

ഞായറാഴ്ച വൈകിട്ട് ഒരു വിമാനത്തിന്റെ പൈലറ്റാണ് വിമാനത്താവള പരിസരത്ത് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്. തുടര്‍ന്ന് പരിശോധനകള്‍ക്കായാണ് വിമാനത്താവളം അടച്ചിട്ടതെന്ന് അധികൃതര്‍ വിശദീകരിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് മുംബൈ വിമാനത്താവള പരിസരത്ത് ഡ്രോണ്‍ പോലുള്ള വസ്തു കണ്ടതായി സ്വകാര്യവിമാനത്തിലെ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതും പരിഭ്രാന്തി പരത്തിയിരുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ വിദൂര നിയന്ത്രിത ആളില്ലാ വിമാനങ്ങളും ഡ്രോണുകളും പറത്തുന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖയില്ല. എന്നാല്‍ മിക്ക രാജ്യങ്ങളും വിമാനത്താവളങ്ങളുടെ നിശ്ചിത പരിധിയില്‍ ഇവ പറത്തുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അമേരിക്കയിലും ദുബായിലും സമാനമായ രീതിയില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

Top