‘അവതാരകയെ അപമാനിച്ചു’; ശ്രീനാഥ്‌ ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: ഓൺലൈൻ അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ ശ്രീനാഥ്‌ ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ്‌ ഭാസി കോടതിയിൽ ഹരജി നൽകിയിരുന്നു. തുടർന്നാണ് നടപടി. കേസ് പിൻവലിക്കാമെന്ന് പരാതിക്കാരിയായ അവതാരക അറിയിച്ചതോടെയാണ് നടൻ കോടതിയെ സമീപിച്ചത്. പരാതി പിൻവലിക്കാൻ അഭിഭാഷകരെ ഏർപ്പെടുത്തിയ അവതാരക പരാതി പിൻവലിക്കാനുള്ള ഹരജിയും ഒപ്പിട്ട് നൽകി.

ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. രണ്ട് ദിവസം മുൻപ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഇതിന് പിന്നാലെ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാൻ അനുവദിച്ചുകൊണ്ടായിരുന്നു നടപടി. അവതാരകയുടെ പരാതിയിൽ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തിരുന്നു.

Top