നികുതിയിളവില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയതോടെ കര്‍ണാടകത്തില്‍ വൈദ്യുതവാഹനങ്ങള്‍ക്ക് വിലകൂടും

വൈദ്യുതവാഹനങ്ങളുടെ നികുതിയിളവില്‍ സര്‍ക്കാര്‍ മാറ്റംവരുത്തിയതോടെ കര്‍ണാടകത്തില്‍ ആഡംബര വൈദ്യുതവാഹനങ്ങള്‍ക്ക് വിലകൂടും. 25 ലക്ഷം രൂപയ്ക്കുമുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് നിര്‍മാണച്ചെലവിന്റെ 10 ശതമാനം നികുതിയീടാക്കാനാണ് തീരുമാനം. ബസിനും ഇത് ബാധകമാകും.

കര്‍ണാടക മോട്ടോര്‍ വെഹിക്കിള്‍ ടാക്സേഷന്‍ ആക്ട് ഭേദഗതിചെയ്താണ് പുതിയ നികുതിക്രമം നടപ്പാക്കിയത്. വൈദ്യുതവാഹനങ്ങളുള്‍പ്പെടെ മുഴുവന്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും മൂന്നുശതമാനം സെസ് ഏര്‍പ്പെടുത്താനും നിയമം വ്യവസ്ഥചെയ്യുന്നു. ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ ഡ്രൈവര്‍മാരുടെയും മറ്റുജോലിക്കാരുടെയും ക്ഷേമത്തിനുള്ള ഫണ്ട് സ്വരൂപിക്കാനാണിത്.അടുത്തകാലത്തായി വിലകൂടിയ ഒട്ടേറെ വൈദ്യുതവാഹനങ്ങള്‍ നിരത്തിലിറങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നികുതി ചുമത്താന്‍ തീരുമാനിച്ചത്. 25 ലക്ഷംമുതല്‍ രണ്ടുകോടിവരെ രൂപ വിലവരുന്ന വൈദ്യുതക്കാറുകള്‍ ഇറങ്ങുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്.

ആജീവനാന്തനികുതി എന്ന നിലയിലാണ് രജിസ്‌ട്രേഷന്‍ സമയത്ത് ഇത് ഈടാക്കുകയെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പരിസ്ഥിതിസൗഹൃദ വാഹനഗതാഗതത്തെ പ്രോത്സാഹിപ്പിക്കാന്‍ 2016 മുതല്‍ വിലയുടെ പരിധിയില്ലാതെ ഏതുതരം വൈദ്യുതവാഹനങ്ങള്‍ക്കും നല്‍കിയിരുന്ന നികുതിയിളവാണ് ഇപ്പോള്‍ ഇല്ലാതായത്.

Top