തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഓണത്തിന് 49 രൂപയായിരുന്നു ഒരു കിലോ ആന്ധ്ര ജയ അരിയുടെ ഹോൾസെയിൽ വില. എന്നാൽ ഇന്ന് അത് എട്ട് രൂപ കൂടി 57ലേക്കെത്തി. ചില്ലറ വ്യാപരികളിൽ നിന്ന് സാധാരണക്കാർ വാങ്ങുമ്പോൾ 60 രൂപയ്ക്ക് മുകളിൽ നൽകണം.
കർണാടകയിൽ നിന്നുള്ള ജയ അരിയുടെ വിലയും നാല് രൂപ കൂടി. റോസ് വടി അരിക്ക് 56 രൂപയും റോസ് ഉണ്ട അരിക്ക് 40 രൂപയുമാണ് ഹോൾസെയിൽ വില. മറ്റു ബ്രാൻഡ്കൾക്കും വില കൂടിയിട്ടുണ്ട്.അരി വില കുതിച്ചുയർന്നതോടെ സാധാരണക്കാർക്കൊപ്പം കച്ചവടക്കാരും പ്രതിസന്ധിയിലാണ്. വ്യാപാരം തീരെക്കുറഞ്ഞു. വീണ്ടും വില വർധിപ്പിക്കാനുള്ള ശ്രമമാണ് മില്ലുടമകൾ നടത്തുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്.
വിളവെടുപ്പിൽ കാര്യമായ കുറവ് ഉണ്ടായതാണ് അരി വില കൂടാൻ കാരണമെന്നാണ് മില്ലുടമകൾ പറയുന്നത്. മില്ലുടമകൾ വീണ്ടും വില കൂട്ടി ചോദിക്കുന്നതിനാൽ പല കടയുടമകളും പുതിയ സ്റ്റോക്ക് എടുക്കുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പിടിച്ചുനിർത്താൻ കഴിയാത്ത രീതിയിൽ വില ഉയരുമെന്നാണ് വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്.