ജിഎസ്ടി പ്രാബല്യത്തിലായാല്‍ വര്‍ധിക്കുന്നത് ചെറിയ കാറുകളുടെ വില

ന്യൂഡല്‍ഹി: ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ ചെറിയ കാറുകളുടെ വില 3 മുതല്‍ 5 ശതമാനംവരെ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആള്‍ട്ടോ, ഗ്രാന്റ് ഐ10, ക്വിഡ്, ഡിസയര്‍ എന്നിവയുടെ വിലയാണ് വര്‍ധിക്കുക.

അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറുകള്‍ക്ക് 15,000 രൂപ മുതല്‍ 25,000 രൂപവരെ വില വര്‍ധിക്കുന്നതായാണ് വിവരങ്ങള്‍.

26 ശതമാനം നികുതിയില്‍ നിന്ന് ജിഎസ്ടി നിരക്കായ 29 ശതമാനത്തിലേയ്ക്ക് ഉയരുമ്പോള്‍ 3.32 ലക്ഷം രൂപ വിലയുള്ള റെനോയുടെ ക്വിഡിന് 7,900 രൂപയാകും.

മിഡ് സെഗ്മെന്റ് വിഭാഗത്തില്‍ വരുന്ന ഹോണ്ട സിറ്റിയുടെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 10.12 ലക്ഷമാണ്. വാറ്റും എക്‌സൈസ് ഡ്യുട്ടിയും മറ്റ് സെസുകളുമടക്കം 41.50 ശതമാനമാണ് നിലവിലെ നികുതി. 43 ശതമാനമായി വര്‍ധിക്കുന്നതോടെ വിലയില്‍ 10,735 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്.

മാരുതി സുസുകി ഡിസയറിന് 7.76 ലക്ഷമാണ് ഷോറൂം വില. 21,000 രൂപയുടെ വിലവര്‍ധനവാണ് ജിഎസ്ടി വരുമ്പോള്‍ ഉണ്ടാകുന്നത്.

ലക്ഷ്വറി കാറുകള്‍ക്കും എസ് യുവികള്‍ക്കും വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടയോട്ട ഫോര്‍ച്യൂണറിന്റെ നിലവിലെ വിലയായ 31.85 ലക്ഷത്തില്‍നിന്ന് ജിഎസ്ടി വരുമ്പോള്‍ 1.18 ലക്ഷം രൂപയുടെ കുറവാണുണ്ടാകുക.

Top