പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രധാനമന്ത്രി സംഭാവന നല്‍കിയത് രണ്ടേകാല്‍ ലക്ഷം രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2.25 ലക്ഷം രൂപയാണ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് അദ്ദേഹം സംഭാവന ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ഗംഗാനദീ ശുചീകരണം തുടങ്ങി നിരവധി പൊതുകാര്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്ന ശീലം പ്രധാനമന്ത്രിക്കുണ്ടെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇതിനകം 103 കോടി കവിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലെ കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം 21 ലക്ഷം രൂപയാണ് പ്രധാനമന്ത്രി സ്വന്തം സമ്പാദ്യത്തില്‍ നിന്ന് സംഭാവന ചെയ്തത്.

ദക്ഷിണ കൊറിയയില്‍ നിന്ന് ലഭിച്ച സിയോള്‍ സമാധാന പുരസ്‌കാരമായ 1.3 കോടി രൂപ ഗംഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി സംഭാവന ചെയ്തിരുന്നു. പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകള്‍ ലേലം ചെയ്ത് സമാഹരിച്ച 3.40 കോടി രൂപയും നദീശുചീകരണ ദൗത്യത്തിനായി അദ്ദേഹം സംഭാവന ചെയ്തു. 2015-ല്‍ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്ത് സമാഹരിച്ച 8.35 കോടി രൂപയും നമാമെ ഗംഗ മിഷന് സംഭാവന ചെയ്തു.

മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങളുടെ ലേലം നടത്തി 89.96 കോടി രൂപ സമാഹരിക്കുകയും അത് കന്യാ കെലവാണി ഫണ്ടിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്നതിന് വേണ്ടിയുളള ഫണ്ടാണ് കന്യാ കെലവാണി.

Top