‘നീതിയുടെ ബ്രാൻഡ് അംബാസിഡർ’; രാജ്യത്ത് സിബിഐയുടെ വിശ്വാസ്യത കൂടുന്നുവെന്ന് പ്രധാനമന്ത്രി

ദില്ലി: സിബിഐയുടെ വിശ്വാസ്യത കൂടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സിബിഐ. അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് സിബിഐ നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സിബിഐയുടെ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി സിബിഐയുടെ ശത്രുവാണ്. മുൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്നു. എങ്ങിനെ അഴിമതി നടത്താമെന്നായിരുന്നു അവരുടെ ഗവേഷണം. എന്നാല്‍ 2014ന് ശേഷം രാജ്യത്ത് അഴിമതി ഇല്ലാതായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സുതാര്യത സർക്കാരിന്റെ മുഖമുദ്രയായി. യുപിഎ കാലത്ത് 2G ലേലം അഴിമതിയുടെ മാർഗമായിരുന്നു.ഈ സർക്കാരിന്റെ കാലത്ത് 5 G ലേലം സുതാര്യതയുടെ ഉദാഹരണമായി. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെപ്പോലും കൊള്ളയടിച്ചു. അഴിമതിക്കാർ ഇപ്പോൾ അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു. അഴിമതിക്കാരിൽ ഒരാളെ പോലും വെറുതെ വിടില്ല. ശക്തരായവർക്കെതിരെ കർശന നടപടിയെടുക്കും.

അന്വേഷണ ഏജൻസികളെ അപമാനിക്കലാണ് അഴിമതിക്കാരുടെ ഇപ്പോഴത്തെ വിനോദം. അഴിമതിക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തിയും, രാഷ്ട്രീയശക്തിയും ഈ സർക്കാരിനുണ്ട്. അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് സർക്കാരിനെതിരെ ഇപ്പോൾ ചിലർ നീങ്ങുന്നത്. അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം. അവരെ തടയാൻ ആരും നോക്കേണ്ട.രാജ്യം അന്വേഷണ ഏജൻസികൾക്കൊപ്പമെന്നും മോദി വ്യക്തമാക്കി.

Top