ഡല്‍ഹി: ഇന്ത്യ ഇപ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണുകയും അത് സാക്ഷാത്കരിക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 41,000 കോടി രൂപയുടെ രണ്ടായിരത്തോളം റെയില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാംഘട്ട സര്‍ക്കാര്‍ ജൂണ്‍ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നത് ജനങ്ങള്‍ കണ്ടുവെന്നും മോദി പറഞ്ഞു.വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിച്ചു.ട്രാക്കുകളുടെ ശുചിത്വത്തിനും വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കുന്നതുള്‍പ്പെടെ റെയില്‍വേ വലിയ പരിവര്‍ത്തനമാണ് ഇക്കാലയളവില്‍ നടത്തിയത്’, മോദി പറഞ്ഞു.
പൊതുപണം കൊള്ളയടിക്കുന്നത് തന്റെ ഭരണകാലത്ത് അവസാനിപ്പിച്ചു. സമ്പാദിച്ച ഓരോ പൈസയും റെയില്‍വേ സേവനങ്ങള്‍ വിപുലീകരിക്കാനാണ് ഉപയോഗിച്ചത്. ഇന്ത്യന്‍ റെയില്‍വേ മുമ്പ് രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് സുഗമമായ യാത്രയെ ആണ് അടിസ്ഥാനമാക്കുന്നത്. വലിയൊരു തൊഴില്‍ ഉറവിടംകൂടിയായി അത് മാറിയെന്നും മോദി പറഞ്ഞു.
‘ഞാന്‍ യുവാക്കളോട് പറയാന്‍ ആഗ്രഹിക്കുന്നത്, അവരുടെ സ്വപ്നങ്ങളാണ് എന്റെ ദൃഢനിശ്ചയം. നിങ്ങളുടെ സ്വപ്നങ്ങളും കഠിനാധ്വാനവും എന്റെ ദൃഢനിശ്ചയവും വികസിത ഭാരതം ഉറപ്പ് നല്‍കുന്നു’, മോദി പറഞ്ഞു.