കൊച്ചി: ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക വരുന്നു. വെള്ളിയാഴ്ച്ച ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ പതാക പ്രകാശനം ചെയ്യുക. നിലവില്‍ സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പതാക.
മൂന്നു സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവികസേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് അവസാനമാകുന്നത്. ‘പുതിയ പതാക കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ക്കും. ഇന്ത്യയുടെ സമുദ്രപാരമ്പര്യത്തിന് യോജിച്ചതാവും ഇതെന്നാണ്
പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാം തവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ കമ്മിഷനിങ് കൊച്ചിയില്‍ നടക്കുമ്പോഴാകും പ്രധാനമന്ത്രി പുതിയ പതാക അനാവരണം ചെയ്യുക. ഒരുപക്ഷേ നാവികസേനാ പതാകയുടെ അവസാനത്തെ പരിഷ്കാക്കാരമാകും ഇതെന്നാണ് റിപ്പോർട്ടുകൾ. വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ കൂട്ടിമുട്ടുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിലെ പതാക. ചുവന്ന വരികള്‍ സെന്‍റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെടുക.