ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രീ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റായ്ച്ചൂരിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. പിയു കോളജ് പ്രിൻസിപ്പൽ രമേഷിനെ ആണ് പൊലീസ് പിടികൂടിയത്. 17 വയസ്സുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ ആണ് പ്രതി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.
കഴിഞ്ഞ 10ന് രാത്രി വിദ്യാർഥിനിയെ പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കോളജ് ഹോസ്റ്റലിൽ കെട്ടിത്തൂക്കി. പിന്നീട് പ്രതി ഒളിവിൽ പോയെന്നാണ് കേസ്. ഒളിവിലായിരുന്ന രമേഷിനെ ബിജാപൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പെൺകുട്ടിയെ ഫെബ്രുവരി 10ന് രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികളാണ് പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഹോസ്റ്റലിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്. പ്രിന്‍സിപ്പിലായ രമേഷ് പെണ്‍കുട്ടിയെ പലതവണ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് സഹപാഠികള്‍ മാതാപിതാക്കളെ അറിയിച്ചു. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും കോളേജിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ പ്രതിയായ രമേഷ് ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രമേഷ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. പിന്നാലെ പ്രതിക്കായി അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ബിജാപൂരില്‍ നിന്നും രമേഷ് പിടിയിലാകുന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം വിവരം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായാണ് വിവരം