The prisoners illegally used mobile phones seized

ശ്രീനഗര്‍: തടവുകാര്‍ അനധികൃതമായി ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പിടികൂടി.

കശ്മീരിലെ സബ്ജയിലില്‍നിന്ന് പാകിസ്താനിലുള്ളവരുമായി ആശയവിനിമയം നടത്തിയ 14 മൊബൈല്‍ ഫോണുകളാണ് പിടികൂടിയത്. ഭീകരപ്രവര്‍ത്തനം, സൈന്യത്തിനു നേരെ കല്ലേറ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസില്‍പെട്ടവരില്‍നിന്നാണ് ഫോണുകള്‍ പിടിച്ചത്.

തടവുകാരില്‍ ചിലര്‍ ജയിലിനുള്ളില്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി ജയില്‍ അധികൃതര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസും ജയില്‍ അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 14 മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കാനായത്.

ഏതൊക്കെ വിധത്തിലാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും പിടിച്ചെടുത്ത ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് മേധാവി ഇംതിയാസ് ഹുസ്സൈന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് 12 തടവുകാര്‍ക്കെതിരായി കേസെടുത്തിട്ടുണ്ട്. അനുവാദം കൂടാതെ മൊബൈല്‍ ഫോണുകള്‍ എങ്ങനെ ഇവരുടെ കൈവശമെത്തി എന്ന കാര്യത്തിലും അന്വേഷണം നടത്തുമെന്ന് പോലീസ് മേധാവി പറഞ്ഞു.

Top