കള്ളപ്പണവും നികുതി വെട്ടിപ്പും തടയാന്‍ കേന്ദ്രത്തിന്റെ ‘പ്രോജക്ട് ഇന്‍സൈറ്റ്’

ന്യൂഡല്‍ഹി: കള്ളപ്പണവും നികുതി വെട്ടിപ്പും തടയുന്നതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.

ഇതിനായി ‘പ്രോജക്ട് ഇന്‍സൈറ്റ്’ എന്ന പേരിലുള്ള പദ്ധതി അടുത്ത മാസത്തോടെ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ പുതിയതായി വാങ്ങിയ കാറിന്റേയോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളുടേയോ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അതുപ്രകാരം അന്വേഷണം നടത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സോഷ്യല്‍ മീഡിയയിലും മറ്റും നല്‍കുന്ന വിവരങ്ങളും വ്യക്തിയുടെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുക.

വരുമാനവും സ്വത്തും സംബന്ധിച്ച ബന്ധം അറിയുന്നതിനായി ഇതിനോടകം തന്നെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

പ്രോജക്ട് ഇന്‍സൈറ്റ് പദ്ധതിക്കായി എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കുമായി കഴിഞ്ഞ വര്‍ഷം നികുതി വകുപ്പ് കരാര്‍ ഒപ്പിട്ടിരുന്നു.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഉയര്‍ന്ന തുകയ്ക്കുള്ള ഇടപാടുകള്‍ നിരീക്ഷിക്കാനും കള്ളപ്പണം വ്യാപിക്കുന്നത് തടയാനാവുമെന്നും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top