തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി തുടരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി സബ്സിഡി ഒഴിവാക്കുന്നു എന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. നിലവിലുള്ള സബ്സിഡി തുടരാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
നിലവില്‍, 77 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി സബ്സിഡി നല്‍കുന്നുണ്ട്. 120 യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും, ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന ഉപഭോക്താക്കള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി തുടരും.
ഇതിനു പുറമെ നിലവില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും സബ്സിഡി തുടരും. ഇതിനായി ബജറ്റില്‍ സഹായം വകയിരുത്തിയിട്ടുണ്ട്. ഈ മാസം മുതല്‍ ഇലക്ട്രിസിറ്റി ഡ്യൂട്ടി നേരിട്ട് സര്‍ക്കാരിലേക്ക് അടയക്കണം. ഇതിലൂടെ ബോര്‍ഡിനു 1000 കോടി കുറവുണ്ടാകും. ഇതു പരിഹരിക്കാനുള്ള ബദല്‍ നിര്‍ദ്ദേശം സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു.